Pala.co.in
 
Pala Web Directory
  Powered by Palatown.com
information About Pala websites
   Pala,Palai,Meenachil,-Kottayam, Kerala
     
 
അന്ന്‌ കുരുമുളക്‌ പിന്നെ റബ്ബര്‍ ഇന്ന്‌ ഐ.ടി.
ടി.കെ. രാജന്‍
(കേരളകൗമുദി ലേഖകന്‍)
കാര്‍ഷികനഗരമായിരുന്ന പാലാ ഒരിക്കല്‍ കറുത്തപൊന്നിന്റെ ഐശ്വര്യനഗരമായിരുന്നു. ലോകവാണിജ്യരംഗത്ത്‌ `പാലാ കുരുമുളക്‌' പൊന്നായിരുന്നു. പിന്നീട്‌ റബ്ബറിന്റെ കടന്നുകയറ്റത്തില്‍ പാലാ ഒന്നാമതായി. ഇപ്പോള്‍ ഐ.ടി. രംഗത്തും പ്രഗത്ഭരെ സംഭാവനചെയ്യുന്ന നഗരവും പാലാ ആയി മാറിയിരിക്കുകയാണ്‌. അതിന്റെ പ്രതിഫലനമാണ്‌ `പാലാടൗണ്‍.കോം' 2006 മുതല്‍ മറുനാടുകളിലേയ്‌ക്ക്‌ വാര്‍ത്തകളുമായി കടന്നുകയറ്റം നടത്തിവരുന്നത്‌.
ആത്മീയ ഔന്നത്യവും സാംസ്‌കാരിക മഹിമയും സമ്മേളിക്കുന്ന പാലാ പട്ടണം 1947-ല്‍ മുനിസിപ്പല്‍ നഗരമായി. ഇന്ന്‌ സ്ഥിതി മാറിയെങ്കിലും വാണിജ്യരംഗത്തുനിന്ന്‌ അകറ്റിനിര്‍ത്താനായിട്ടില്ല. ചുക്കിന്റെയും കുരുമുളകിന്റെയും സ്ഥാനത്ത്‌ റബ്ബര്‍ ആയെന്നുമാത്രം. ഐ.ടി. രംഗത്തുപ്രവര്‍ത്തിക്കുന്നവരുടെ എണ്ണവും കാലത്തിനതീതമായി പാലായില്‍ വര്‍ദ്ധിച്ചുവരുന്നതും പ്രത്യേകതയാണ്‌.
കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ ഏറ്റവും ഫലഭൂയിഷ്‌ഠമായ പ്രദേശമാണ്‌ മീനച്ചില്‍ താലൂക്ക്‌. മീനച്ചില്‍, മുത്തോലി, കരൂര്‍, ഭരണങ്ങാനം എന്നീ പഞ്ചായത്തുകളുടെ നടുവില്‍ പരിലസിക്കുന്ന പാലാ റവന്യു ആസ്ഥാനം കൂടിയാണ്‌. കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ സമീപത്തുള്ള പാലാ നഗരത്തെ `ഹൈറേഞ്ചിന്റെ കവാടം' എന്നുവിളിക്കാറുണ്ട്‌.
പാലാ ഉള്‍പ്പെടുന്ന മീനച്ചില്‍ പ്രദേശത്തിന്‌ ആയിരത്തി അഞ്ഞൂറില്‍പ്പരം വര്‍ഷത്തെ സാംസ്‌കാരിക ചരിത്രമുണ്ട്‌.
മീനച്ചില്‍ കര്‍ത്താക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ എ.ഡി. 1002-ലാണ്‌ പാലാ വലിയ പള്ളി സ്ഥാപിതമായത്‌. ജനുവരിമാസം ഇവിടെ നടക്കുന്ന `രാക്കുളി തിരുനാള്‍' ആഘോഷം എട്ടുദിവസത്തെ ജനകീയ വാണിജ്യോത്സവമായിരുന്നു.
കിഴക്കിന്റെ കാശിയെന്ന്‌ പേരുകെട്ട ളാലം മഹാദേവക്ഷേത്രവും ദേവതാ ചൈതന്യം സ്വര്‍ഗാനുഭൂതി വാരിവിതറിക്കൊണ്ട്‌ തലയെടുപ്പോടെ നിലകൊള്ളുന്ന അമ്പലപ്പുറത്ത്‌ ക്ഷേത്രവും നഗരമദ്ധ്യത്തിലാണ്‌.
പാലാ പട്ടണത്തെ തിരിച്ചറിയുന്ന ഏഴുനിലയിലുള്ള കുരിശുപള്ളി അമലോത്ഭവ മാതാവിന്റെ അത്ഭുതദേവാലയമാണ്‌. പാലായുടെ ദേശീയോത്സവം എന്ന നിലയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ എട്ടാം തീയതി ജാതിമതഭേദമെന്യേ കൊണ്ടാടിവരുന്നതാണ്‌ ജൂബിലി തിരുനാള്‍. കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രവും പുലിയന്നൂര്‍ ക്ഷേത്രവും ഭരണങ്ങാനത്തെ വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ കബറിടവും ഏറ്റവുമൊടുവില്‍ 2000-ാമാണ്ട്‌ പാലാ തെക്കേക്കരയില്‍ ഒരു മുസ്ലീം ദേവാലയവും വന്നതോടെ മതമൈത്രിയുടെ സംഗമസ്ഥാനമായി പാലാ മാറി.
പിതൃതര്‍പ്പണത്തിന്‌ പ്രാധാന്യം ഉള്ള ഇടപ്പാടി ആനന്ദക്ഷണ്‍മുഖക്ഷേത്രം ശ്രീനാരായണഗുരുദേവന്‍ 1927-ല്‍ എത്തി വേല്‍ പ്രതിഷ്‌ഠിച്ചതോടെ മദ്ധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായി. ജനസാന്ദ്രതയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഈരാറ്റുപേട്ടയിലെ നൈനാര്‍പള്ളി ചരിത്രസ്‌മാരകമാണ്‌.
ചേര്‍പ്പുങ്കല്‍, കുറവിലങ്ങാട്‌, അരുവിത്തുറ ഫൊറോനാപ്പള്ളികളും മതസൗഹാര്‍ദ്ദത്തിന്റെ പുണ്യസങ്കേതങ്ങളാണ്‌. കിഴക്കന്‍ മലയോരപ്രദേശങ്ങളുടെ മടിത്തട്ടായ മീനച്ചില്‍ പ്രകൃതിയുടെ വരദാനം കൊണ്ട്‌ സമ്പന്നമാണ്‌.
വാഗമണ്‍, ഇല്ലിക്കല്‍കല്ല്‌, ഇലവീഴാപ്പൂഞ്ചിറ, മാര്‍മലഅരുവി, കോലാഹലമേട്‌ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക്‌ ഉള്ള പ്രവേശനകവാടം കൂടിയാണ്‌ പാലാ നഗരം. സമുദ്രനിരപ്പില്‍നിന്നും അധികം ഉയരത്തിലല്ലാതെ പാലായുടെ ചുറ്റുവട്ടമുള്ള മലനിരകള്‍ 3000 അടിയിലധികം ഉയരവും അതിമനോഹര വെള്ളച്ചാട്ടങ്ങളാലും പ്രകൃതിരമണീയമാണ്‌.
രാജ്യത്തെ പ്രഥമപൗരനായിരുന്ന യശഃശരീരനായ കെ.ആര്‍. നാരായണന്റെ നിയോജകമണ്ഡലവും പാലായാണ്‌. ഇന്ത്യയില്‍ സാക്ഷരരായ സ്‌ത്രീകള്‍ ഏറ്റവും അധികം ഉള്ള സ്ഥലം പാലായാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൂടുതല്‍ ക്രിസ്‌തീയ മതമേലദ്ധ്യക്ഷന്മാരും വൈദികരും ബിരുദധാരിണികളായ കന്യാസ്‌ത്രീകളും ഉള്ള സ്ഥലവും പാലാ തന്നെ.
ദക്ഷിണകേരള മഹായിടവക ആസ്ഥാനവും മീനച്ചില്‍ താലൂക്കില്‍പ്പെട്ട മേലുകാവിലാണ്‌. നിരവധി കോളേജുകളും മൂന്ന്‌ എന്‍ജിനീയറിംഗ്‌ കോളേജും ഒരു പോളിടെക്‌നിക്കും ടെക്‌നിക്കല്‍ ഹൈസ്‌കൂളും ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ കോളേജുകളും കൂടാതെ സംസ്ഥാനത്തെ അറിയപ്പെടുന്ന എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററും പാലായ്‌ക്ക്‌ സമീപം പുലിയന്നൂരിലാണ്‌.കായികരംഗത്തും പാലായുടെ പേര്‌ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാന നാഷണല്‍ മീറ്റുകള്‍ പലതവണ പാലായില്‍ അരങ്ങേറി. കേരള കായികകലയുടെ വക്താവായിരുന്ന ജി.വി.രാജാ പൂഞ്ഞാറുകാരനാണ്‌. കുളപ്പുറത്ത്‌ ഭീമന്‍, മന്നത്തു മല്ലന്‍ തുടങ്ങിയ അമാനുഷിക പ്രതിഭകള്‍ക്ക്‌ ജന്മംനല്‍കിയതും മീനച്ചില്‍ താലൂക്കില്‍തന്നെ.
സാഹിത്യലോകത്ത്‌ പാലായുടെ പെരുമ ലോകജനതയില്‍ എത്തിച്ച്‌ അടുത്തകാലത്ത അന്തരിച്ച മഹാകവി പാലാ നാരായണന്‍നായര്‍, ഇന്ത്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യകാരനും ആധുനിക മലയാളഗദ്യസാഹിത്യത്തിന്റെ പിതാവും വിദേശമേധാവിത്വത്തിനെതിരെ തൂലിക ചലിപ്പിച്ച വ്യക്തിയുമായ പാറേമാക്കല്‍ തോമാക്കത്തനാര്‍, വഞ്ചിപ്പാട്ട്‌ ശാഖയുടെ ജനയിതാവായ രാമപുരത്ത്‌ വാര്യര്‍, മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, പ്രവിത്താനം പി.എം. ദേവസ്യാ, കൃഷ്‌ണന്‍ പാറപ്പള്ളി, ബാലസാഹിത്യകാരന്മാരായ മാത്യു എം. കുഴിവേലി, പാലാ കെ.എം. മാത്യു, സാഹിത്യലോകത്തെ സംഘാടകനും നോവലിസ്റ്റും യാത്രാവിവരണരചയിതാവുമായ വെട്ടൂര്‍ രാമന്‍ നായര്‍, ഇന്നും കത്തിനില്‍ക്കുന്ന സക്കറിയ, ജെ.കെ. ചെല്ലമ്മ ജോസഫ്‌, തോമസ്‌ പാലാ, പ്രൊഫ. ജോസഫ്‌ മറ്റം, തോമസ്‌ തലനാട്‌, എന്‍. മോഹനന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങി ധാരാളംപേര്‍ ഈ രംഗത്തു ശോഭിക്കുന്നവരായി ഇവിടെയുണ്ട്‌.
മീനച്ചില്‍ താലൂക്കിന്റെ ദത്തുപുത്രിയായിരുന്ന ലളിതാംബിക അന്തര്‍ജനം, തീര്‍ന്നില്ല, കുഞ്ചന്‍ നമ്പ്യാരും കിടങ്ങൂര്‍ സ്വദേശിയായിരുന്നുവെന്ന അഭിപ്രായമുണ്ട്‌. ചിത്രകാരനായ രാജാരവിവര്‍മ്മ പൂഞ്ഞാര്‍ കൊട്ടാരത്തിലാണ്‌ ഭൂജാതനായത്‌.
ചലച്ചിത്ര നഭോമണ്ഡലത്തില്‍ ശോഭിച്ച മിസ്‌ കുമാരി ഭരണങ്ങാനം സ്വദേശിനിയായിരുന്നു. സംവിധായകന്‍ ഭദ്രന്‍, നിര്‍മ്മാതാവും നടനുമായ മാണി സി. കാപ്പന്‍, നടന്‍ ചാലി പാലാ, നടികളായ സുവര്‍ണ, ഗായത്രി, അസിന്‍ തോട്ടുങ്കല്‍, ഗായിക റീമി ടോമി എന്നിവരും പാലാക്കാരാണ്‌. ഒരുകാലത്ത്‌ ഏറെ തിളങ്ങിയിരുന്ന ചലച്ചിത്ര നിര്‍മാണകമ്പനിയായ ചെറുപുഷ്‌പം ഫിലിംസിന്റെ ആസ്ഥാനവും പാലായാണ്‌. ചന്ദ്രികാ സോപ്പിലൂടെ ലോകം അറിയുന്ന സി.ആര്‍. കേശവന്‍ വൈദ്യരുടെ ജന്മസ്ഥലവും രാമപുരത്തിനു സമീപം കൊണ്ടാടാണ്‌.
കേരളരാഷ്‌ട്രീയത്തില്‍ തുടങ്ങി അഖിലേന്ത്യാ രാഷ്‌ട്രീയം വരെ എത്തിനില്‍ക്കുന്ന പാലാക്കാരാണ്‌ രാഷ്‌ട്രപതിയായിരുന്ന അന്തരിച്ച കെ.ആര്‍. നാരായണനുപുറമെ മേഘാലയ ഗവര്‍ണറായിരുന്ന എം.എം. ജേക്കബ്‌, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, മുന്‍ മന്ത്രി പ്രൊഫ. എന്‍.എം. ജോസഫ്‌, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ തലമുറയിലെ അറിയപ്പെടുന്നവരാകുമ്പോള്‍ ആര്‍.വി. തോമസ്‌, ചെറിയാന്‍ ജെ. കാപ്പന്‍, ജോര്‍ജ്‌ തോമസ്‌ കൊട്ടുകാപ്പള്ളി എന്നിവരും നഗരവാസികളായിരുന്നു. മാത്രമല്ല, യശഃശരീരനായ മുന്‍ ഗവര്‍ണര്‍ പ്രൊഫ. കെ.എം. ചാണ്ടിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ ചരിത്രമാണ്‌.
കേരള രാഷ്‌ട്രീയത്തില്‍ പാലായുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിക്കാന്‍ യോഗ്യനായ കെ.എം. മാണി പാലായുടെ സ്രഷ്‌ടാവാണ്‌. കഴിഞ്ഞ 43 വര്‍ഷമായി പാലാ നിയോജകമണ്ഡലത്തില്‍ നിന്ന്‌ തുടര്‍ച്ചയായി നിയമസഭയില്‍ എത്തി എം.എല്‍.എ.യും മന്ത്രിയുമായി തിളങ്ങിയ സൂര്യതേജസ്സാണ്‌. കേരളരാഷ്‌ട്രീയത്തില്‍ നിത്യഹരിതമായി കേരളാ കോണ്‍ഗ്രസ്‌ (എം) എന്ന പ്രസ്ഥാനം തഴച്ചുവളരുമ്പോള്‍ പാലായുടെ സ്ഥാനം കെ.എം. മാണിയില്‍ എത്തിനില്‍ക്കുന്നു.
ആദ്യകാല അകലക്കുന്ന നിയമസഭാ സാമാജികനായി അഡ്വ. ജെ.എ. ചാക്കോ ജീരകത്തില്‍ പിന്നീട്‌ കെ.എം. മാണിക്കുവേണ്ടി വഴിമാറി. തുടര്‍ന്ന്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെ.എം. മാണിക്കെതിരായി മത്സരിച്ച എം.എം. ജേക്കബ്‌, അഡ്വ. വി.ടി. തോമസ്‌, ഉഴവൂര്‍, വിജയന്‍, ജോര്‍ജ്‌ സി. കാപ്പന്‍, മാണി സി. കാപ്പന്‍ എന്നിവരും താലൂക്ക്‌ നിവാസികളാണ്‌.
 
Copyright © 2008, All rights reserved. Pala.co.in, Palanews.com, Palatown.com and Mypala.com 's are divisions of Beacon Media Solutions www.beaconmediasolutions.com